മാനന്തവാടി: എടവക പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു.പന്നിച്ചാല്‍, രണ്ടേനാല്, പാണ്ടിക്കടവ്, അമ്പലവയല്‍, പഴശി നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവ് നായകള്‍ ജനങ്ങളുടെ സൈ്വര്യജീവിതത്തിന് തടസമായി മാറുന്നത്.
പഴശി നഗര്‍ സാംസ്കാരിക നിലയത്തിന് സമീപം തെരുവ് നായകള്‍ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്നതിനാല്‍ ഈ ഭാഗത്തേക്ക് ആളുകള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്. വര്‍ധിച്ചുവരുന്ന തെരുവുനായശല്യം മൂലം രാവിലെ സ്കൂളുകളിലേക്കും മദ്രസകളിലേക്കും കാല്‍നടയായി പോകുന്ന കുട്ടികളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
വഴിയാത്രക്കാരായ സ്ത്രീകളെയും കുട്ടികളെയും തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ഓടിക്കുന്ന സംഭവങ്ങള്‍ പ്രദേശത്ത് പതിവാണ്. ഭയംകാരണം കുട്ടികളെ തനിയെ വിടാന്‍ മാതാപിതാക്കളും ഭയക്കുകയാണ്.
പ്രതിസന്ധി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പ്രശ്നത്തിന് എത്രയും വേഗം ശാശ്വതമായ പരിഹാരം കാണണമെന്നും നായകളെ വന്ധ്യംകരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.